രാജാക്കാട്: കെസിവൈഎം ഇടുക്കി രൂപതാ സമിതിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ധനശേഖരണാർഥം രാജാക്കാട്, കുഞ്ചിത്തണ്ണി മേഖല യൂണിറ്റുകൾ ചേർന്ന് സംഘടിപ്പിച്ച രണ്ടാമത് അഖിലകേരള വടംവലി മത്സരം രാജാക്കാട് ക്രിസ്തുരാജ് ഫൊറോന പള്ളി ഗ്രൗണ്ടിൽ നടത്തി. ഒന്നുമുതൽ 16 വരെ സ്ഥാനങ്ങൾ നേടിയ ടീമുകൾക്ക് 55,555 രൂപ മുതൽ 5001 വരെ ക്യാഷ് പ്രൈസുകളും ട്രോഫികളും വ്യക്തിഗത ക്യാഷ് അവാർഡുകളും സമ്മാനിച്ചു.
കേരളത്തിലെ പ്രമുഖരായ 34 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. മേഖലാ പ്രസിഡന്റ് എബിൻ ആഗസ്തി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. രൂപത ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ മനയ്ക്കലേട്ട് ആമുഖ പ്രഭാഷണം നടത്തി.
ഇടുക്കി രൂപത മുഖ്യവികാരി ജനറാൾ മോൺ. ജോസ് കരിവേലിക്കൽ മുഖ്യപ്രഭാഷണം നടത്തി. രാജാക്കാട് ഫൊറോന പള്ളി വികാരി ഫാ. മാത്യു കരോട്ടുകൊച്ചറയ്ക്കൽ, മേഖലാ ഡയറക്ടർ ഫാ. ജോസ് പുതിയാപറമ്പിൽ, രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റ് കിങ്ങിണി രാജേന്ദ്രൻ, രാജാക്കാട് സബ് ഇൻസ്പെക്ടർ അഭിജിത്, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് വി.എസ്. ബിജു, ഫാ. സെബാസ്റ്റ്യൻ മച്ചുകാട്ട്, അലക്സ് പുളിമൂട്ടിൽ, സിസ്റ്റർ റോസ്ന എന്നിവർ പ്രസംഗിച്ചു.
കെസിവൈഎം രൂപത പ്രസിഡന്റ് സാം സണ്ണി പുള്ളിയിൽ സ്വാഗതവും, ജെറിൻ ജെ. പട്ടാംകുളം നന്ദിയും അർപ്പിച്ചു.
വേങ്ങാട് കവിത ടീം ഒന്നാം സ്ഥാനവും, ഗുരുവായൂർ സ്റ്റാർ വിഷൻ ടീം രണ്ടാം സ്ഥാനവും നേടി.